Friday, March 22, 2013

മുത്തു - അധ്യായം 1

മുറ്റത്തിനരികിലെ പ്ലാവിന്റെ ചുവട്ടിൽ ബീഡി വലിച്ചുകൊണ്ട് നിന്നപ്പോളാണ് മുത്തുവിന് ബോധോദയം ഉണ്ടാകുന്നത്. ഗയയിലെ ബോധിവൃക്ഷത്തോളമൊന്നും വരില്ലെങ്കിലും മുത്തുവിന്റെ മുറ്റത്തെ പ്ലാവ് അത്ര മോശമൊന്നും അല്ലായിരുന്നു. പിന്നെ ബോധോദയത്തിന് ആലുതന്നെ വേണമെന്ന് നിർബന്ധം പിടിക്കാനും മാത്രം ജാഡയൊന്നും മുത്തുവിനൊട്ടില്ലതാനും. മുത്തു എളിമയുടെ പര്യായമാണ്. ആളുകളോട് സംസാരിക്കുന്നത് തന്നെ വളരെ കുറവ്. മുത്തുവിന്റെ ബോധത്തെപ്പറ്റി യോജിച്ച ഒരു അഭിപ്രായം നാട്ടുകാർക്കോ പരിചയക്കാർക്കോ പറയാനില്ല. അല്ലെങ്കിൽ തന്നെ ചർച്ചകൾ നടത്തി അഭിപ്രായ രൂപീകരണം നടത്താനും മാത്രം പ്രാധാന്യമൊന്നും ഇങ്ങനെ ഒരു വിഷയത്തിനില്ലല്ലോ. അല്ലെങ്കിൽ വല്യ കല്യാണക്കാര്യവും വരണം. ആ നിലക്ക് മുത്തുവിനുണ്ടായ ബോധോദയം ഒരു സാമൂഹിക പ്രാധാന്യമുള്ള വിഷയമാകാനുള്ള സാധ്യതകൾ ഒന്നും ഇല്ല. ബോധം ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്. എങ്കിലും ഈ ബോധോദയം കൊണ്ട് ഗുണവും ദോഷവും ഉണ്ടായവരുണ്ട്. ബീഡികൊണ്ട് പ്ലാവിൻതടിയിൽ ഇരുന്ന ഓന്തിനെ കുത്താൻ പോകുമ്പോളാണ് ബോധോദയം ഉണ്ടായത്. അതുകൊണ്ട് ഓന്ത് കുത്തിൽ നിന്ന് രക്ഷപെട്ടു. എന്നാൽ കുത്തുവരുന്നത് കണ്ട് പേടിച്ചോടിയ ഓന്ത് പ്ലാവിന്റെ മേലെ ഉണ്ടായിരുന്ന കാക്കക്കൂട്ടിലെ രണ്ട് മുട്ടകൾ തട്ടിയിട്ടു. കാക്കകളും ഓന്തും തമ്മിൽ പിന്നീടുണ്ടായ സംഘർഷം നാട്ടുകാരെയോ മുത്തുവിനെയോ എന്നെയോ ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ വിട്ടുകളയുന്നു. അല്ലെങ്കിൽ തന്നെ കാക്കകൾക്കും ഓന്തുകൾക്കുമുള്ള സാമൂഹിക പ്രസക്തിയെപ്പറ്റിയുള്ള ചർച്ചകളിൽ നമ്മൾ അത്ര സജീവമല്ലായിരുന്നല്ലോ.

മുത്തു വിവാഹിതനല്ല. പ്രായം മുപ്പത്തി ഒന്ന് വയസ്സ്. പ്രായത്തെ കൃത്യമായി തെളിയിക്കാനുള്ള രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. ഇതിന്റെ പ്രധാന കാരണം മുത്തു എട്ടാം ക്ലാസ്സിനുശേഷം സ്കൂളിൽ പോയില്ല എന്നതാണ്. പത്താം ക്ലാസ്സിൽ പോകാതെ എസ് എസ് എൽ സി ബുക്ക് കിട്ടില്ലല്ലോ. എസ് എസ് എല് സി ബുക്കിലെ വിവരങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതിനെ വിലക്കുന്ന നിയമങ്ങളുണ്ടോ ഇല്ലയോ എന്നതും നമ്മുടെ വിഷയമല്ല എന്ന് കരുതാം. മുത്തുവിനെ പെറ്റ ദിവസം മുത്തുവിന്റെ അമ്മയ്ക്കും ഓർമ്മയില്ല. അടുക്കളയുടെ പിന്നിൽ ചാരായം വാറ്റിക്കൊണ്ടിരുന്നപ്പോളാണ് പേറ്റുനോവ് വന്നതെന്ന് അവർക്ക് ഓർമ്മയുണ്ട്. പക്ഷേ പിന്നാമ്പുറത്തെ വാറ്റ് വെള്ളിയാഴ്ചകളിൽ ഒഴികെ ബാക്കി എല്ലാ ദിവസവും നടക്കുന്ന ഒരു കാര്യമായതിനാൽ മുത്തു ജനിച്ചത് വെള്ളിയാഴ്ച അല്ല എന്നതിൽക്കവിഞ്ഞുള്ള വിവരങ്ങൾ ലഭ്യമല്ല. പക്ഷേ അവിടത്തെ സ്ഥിരം കുടിയനും സ്വയം പ്രഖ്യാപിത നക്സലൈറ്റുമായ പത്രോസ് പറയുന്നത് പത്രോസിന്റെ മകൾ ജനിച്ചത് അതേ ദിവസമാണെന്നാണ്. പ്രസവമടുത്തതിനാൽ മുത്തുവിന്റെ അമ്മ പാറു വല്ലാത്ത ദേഷ്യത്തിലും സമ്മർദ്ദത്തിലും ആയിരുന്നു. പറ്റുകാശ് തന്ന് തീർക്കാതെ പത്രോസിനിനി ചാരായമില്ല എന്ന് പാറു തറപ്പിച്ച് പറഞ്ഞു. അങ്ങനെ ഒരു തോക്ക് വാങ്ങാനായി ഭാര്യ കുടിക്കാൻ കൊടുത്തിരുന്ന കാശിൽ നിന്ന് മിച്ചം പിടിച്ച് സമ്പാദിച്ചുകൊണ്ടിരുന്ന തുക എടുത്തുവരാൻ വീട്ടിലേക്ക് പോയ പത്രോസ് പൊട്ടിക്കിടന്ന കുടുക്ക കണ്ട് അലമുറയിടുമ്പോളാണ് അയൽക്കാരൻ വന്ന് ആ വിവരം അറിയിക്കുന്നത്. പത്രോസിന്റെ ഭാര്യക്ക് പ്രസവ വേദന തുടങ്ങി. വയറ്റാട്ടി കമലമ്മ നോക്കിയിട്ട് രക്ഷയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയതാണ്. ആശുപത്രി ചെലവിന് വേറെ പണമില്ലാതിരുന്നതിനാൽ പത്രോസിന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചത്രേ. 

തോക്കുവാങ്ങി വിപ്ലവം വരുമ്പോൾ ഒരു കമാൻഡർ എങ്കിലും ആകണം എന്ന ജീവിതാഭിലാഷം ഇനി സാധ്യമാണോ എന്ന ചിന്ത സമ്മാനിച്ച വേദനയിൽ ഒരു നിമിഷം നിന്നെങ്കിലും പത്രോസ് പെട്ടന്നു തന്നെ കർത്തവ്യനിരതനായി. അയൽക്കാരനിൽ നിന്നും ആശുപത്രിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ പത്രോസ് പെട്ടന്ന് തന്നെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ആക്രിക്കടക്കാരന്റെ കടയിൽ പോരുന്ന വഴി എടുത്തുകൊണ്ടുവന്ന പാത്രങ്ങൾ വിറ്റ് കിട്ടിയ കാശുമായി ഒട്ടും സമയം കളയാതെ പാറുവിന്റെ അടുത്തേക്ക് തിരിച്ചുവന്നു. അവിടെ ചെന്നപ്പോ പാറുവിന് പ്രസവവേദന. മുറിക്കകത്താണ്. കമലമ്മ അവിടെയെത്തിയിട്ടുണ്ട്. പത്രോസിന്റെ ശബ്ദം പുറത്ത് കേട്ടയുടെനെ കരച്ചിലുകൾക്കിടയിലും കൊണ്ടുവന്ന കാശ് ജനലിലൂടെ അകത്തേക്കിടാൻ പാറു വിളിച്ച് പറഞ്ഞു. അടുത്ത് തറയിൽ വീണ കാശ് ഒന്നോടിച്ച് നോക്കി മുഴുവനില്ലെന്ന് ബോധ്യമായ പാറു ചാരായമെവിടെ എന്ന പത്രോസിന്റെ അടുത്ത ചോദ്യത്തെ കനത്ത ഒരു തെറികൊണ്ടാണ് നേരിട്ടത്. ആ തെറിയുടെ അവസാന ഭാഗം യേശുദാസിന്റെ പാട്ട് പോലെ നീണ്ടുനിന്നതും അത് ശബ്ദം കുറഞ്ഞ് അവസാനിച്ചപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടതും പത്രോസിന് ഓർമ്മയുണ്ട്. അന്ന് പത്രോസിന് ചാരായം കിട്ടിയില്ല. മുത്തു ഒരു ചാരായം മുടക്കിയാണെന്നും അവനെ വീട്ടിൽ നിന്ന് ദൂരെ അയച്ചില്ലെങ്കിൽ പാറുവിന്റെ വാറ്റ് ബഹിഷ്കരിക്കുമെന്നുമുള്ള പ്രമേയം വീട്ടിലെ ആട്ടിൻ കുട്ടിയെ വിറ്റുകിട്ടിയ കാശിന് മൊത്തം പാറുവമ്മ വാറ്റ് ഡ്രിങ്കേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് വാറ്റ് വാങ്ങി കൊടുത്തിട്ടും പാസാക്കിയെടുക്കാൻ പത്രോസിന് കഴിഞ്ഞില്ല. ഇതും മുത്തുവിന് തന്റെ മകൾ സൂസിയുമായുള്ള അഗാധ പ്രണയവും മുത്തുവിനെ പത്രോസിന്റെ നിത്യ ശത്രു ആക്കിയിരുന്നു.

ഒരിടക്ക് ഇവരുടെ പ്രണയം പത്രോസ് അംഗീകരിച്ചതായിരുന്നു. ഒരു സന്ധ്യക്ക് കുടിക്കാൻ കാശില്ലാതെ വന്നതിനാൽ കടം ചോദിക്കാൻ ചെന്ന പത്രോസിനെ പാറു ആട്ടിയിറക്കിവിട്ടു. ഇതിൽ മനം നൊന്ത പത്രോസ് പാറുവിനെ ഒന്ന് അടിച്ചിരുത്താനുള്ള വഴികൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പരിപ്പുവട പൊതിഞ്ഞുകൊണ്ടുവന്ന കടലാസിലെ ഗാന്ധിയുടെ ചിത്രം കാണുന്നതും അഹിംസാ മാർഗ്ഗത്തെക്കുറിച്ച് പെട്ടന്ന് ബോധവാനാകുന്നതും. അതിനെ ഒരു ബോധോദയം എന്ന് വിളിക്കാൻ എനിക്ക് മനസ്സുവരുന്നില്ല. ബോധോദയങ്ങളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളോ മാനദണ്ഡങ്ങളോ തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത നിലക്ക് ഞാൻ അതെന്റെ മനോധർമ്മം പോലെ നിർവ്വചിക്കാൻ ആഗ്രഹിക്കുന്നു. പത്രോസിന് പെട്ടന്നൊരു ബുദ്ധി തോന്നി. തനിക്കൊരൊറ്റ മകളേ ഉള്ളു. കണ്ട കുടിയന്മാർക്കൊന്നും അവളെ കെട്ടിച്ചുകൊടുക്കാൻ വയ്യ. സ്നേഹമുള്ള ഒരു മരുമകനെ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ നടത്താനുമ്മാത്രം പെണ്മക്കൾ ഉണ്ടായിരുന്നെങ്കിൽ ഒരുത്തിയെ കുടിയന് കൊടുത്താലും കുഴപ്പമില്ലായിരുന്നു. പക്ഷേ എന്ത് പറയാൻ, ചാരായത്തിന് കയ്യിൽ അഞ്ച് പൈസ ഇല്ലാതിരുന്ന ദിവസമാണ് കുടുമ്പാസൂത്രണ പദ്ധതിയെക്കുറിച്ചുള്ള നോട്ടീസ് പത്രോസ് കാണുന്നത്. ഒരു ബക്കറ്റും ലോട്ടറി ടിക്കറ്റും പിന്നെ കാശും. പിന്നെ ഒന്നും ആലോചിച്ചില്ല, തോക്ക് വാങ്ങാൻ വച്ചിരുന്ന പണമെടുത്ത് പോയി പെറ്റുവന്ന ഭാര്യയോടുള്ള വാശി സഹിക്കാൻ വയ്യാതിരുന്ന പത്രോസ് അന്നുതന്നെ പോയി അതങ്ങ് നടത്തി. ബക്കറ്റ് വന്നവഴി വിറ്റ് കാശാക്കി. ലോട്ടറി അടിച്ച് സമ്പന്നനാകുന്ന നല്ലകാലവും സ്വപ്നം കണ്ട് പാറുവിന്റെ വാറ്റ് കേന്ദ്രത്തിലേക്ക് നടന്നു. പറ്റുതീർത്തു. അതുകൊണ്ടും ചാരിത്ര്യം മുറുകെപ്പിടിച്ചിരുന്നതുകൊണ്ടും പത്രോസിന്റെ ഭാര്യക്ക് ആദ്യ പ്രസവത്തിന് ശേഷം അമ്മാതിരി പ്രശ്നങ്ങളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. പത്രോസിന് തോന്നിയ ബുദ്ധി എന്തായിരുന്നെന്ന് വച്ചാൽ, കാര്യം ശത്രുവാണെങ്കിലും മുത്തു നല്ലവനാണ്. അഞ്ച് പൈസയുടെ വിവരമില്ല. സൂസിയെ വലിയ ഇഷ്ടവും ആണ്. സൂസിയെ മുത്തുവിന് കെട്ടിച്ച് കൊടുത്താൽ പിന്നെ മരുമോന്റെ അക്കൗണ്ടിൽ ജീവിതാവസാനം വരെ ഫ്രീ ആയി ചാരായം കിട്ടുമല്ലോ. മുത്തുവിന് പാറുവമ്മയുടെ അടുത്ത് അക്കൗണ്ടൊന്നുമില്ല. പക്ഷേ മോൻ ചോദിച്ചാൽ അമ്മയൊരു കുപ്പി കൊടുക്കാതിരിക്കുമോ.. പക്ഷേ പത്രോസിന്റെ ആ മോഹം നടന്നില്ല. കാരണം..

(തുടരും..‌)

1 comment: