Friday, March 22, 2013

മുത്തു - അധ്യായം 1

മുറ്റത്തിനരികിലെ പ്ലാവിന്റെ ചുവട്ടിൽ ബീഡി വലിച്ചുകൊണ്ട് നിന്നപ്പോളാണ് മുത്തുവിന് ബോധോദയം ഉണ്ടാകുന്നത്. ഗയയിലെ ബോധിവൃക്ഷത്തോളമൊന്നും വരില്ലെങ്കിലും മുത്തുവിന്റെ മുറ്റത്തെ പ്ലാവ് അത്ര മോശമൊന്നും അല്ലായിരുന്നു. പിന്നെ ബോധോദയത്തിന് ആലുതന്നെ വേണമെന്ന് നിർബന്ധം പിടിക്കാനും മാത്രം ജാഡയൊന്നും മുത്തുവിനൊട്ടില്ലതാനും. മുത്തു എളിമയുടെ പര്യായമാണ്. ആളുകളോട് സംസാരിക്കുന്നത് തന്നെ വളരെ കുറവ്. മുത്തുവിന്റെ ബോധത്തെപ്പറ്റി യോജിച്ച ഒരു അഭിപ്രായം നാട്ടുകാർക്കോ പരിചയക്കാർക്കോ പറയാനില്ല. അല്ലെങ്കിൽ തന്നെ ചർച്ചകൾ നടത്തി അഭിപ്രായ രൂപീകരണം നടത്താനും മാത്രം പ്രാധാന്യമൊന്നും ഇങ്ങനെ ഒരു വിഷയത്തിനില്ലല്ലോ. അല്ലെങ്കിൽ വല്യ കല്യാണക്കാര്യവും വരണം. ആ നിലക്ക് മുത്തുവിനുണ്ടായ ബോധോദയം ഒരു സാമൂഹിക പ്രാധാന്യമുള്ള വിഷയമാകാനുള്ള സാധ്യതകൾ ഒന്നും ഇല്ല. ബോധം ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്. എങ്കിലും ഈ ബോധോദയം കൊണ്ട് ഗുണവും ദോഷവും ഉണ്ടായവരുണ്ട്. ബീഡികൊണ്ട് പ്ലാവിൻതടിയിൽ ഇരുന്ന ഓന്തിനെ കുത്താൻ പോകുമ്പോളാണ് ബോധോദയം ഉണ്ടായത്. അതുകൊണ്ട് ഓന്ത് കുത്തിൽ നിന്ന് രക്ഷപെട്ടു. എന്നാൽ കുത്തുവരുന്നത് കണ്ട് പേടിച്ചോടിയ ഓന്ത് പ്ലാവിന്റെ മേലെ ഉണ്ടായിരുന്ന കാക്കക്കൂട്ടിലെ രണ്ട് മുട്ടകൾ തട്ടിയിട്ടു. കാക്കകളും ഓന്തും തമ്മിൽ പിന്നീടുണ്ടായ സംഘർഷം നാട്ടുകാരെയോ മുത്തുവിനെയോ എന്നെയോ ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ വിട്ടുകളയുന്നു. അല്ലെങ്കിൽ തന്നെ കാക്കകൾക്കും ഓന്തുകൾക്കുമുള്ള സാമൂഹിക പ്രസക്തിയെപ്പറ്റിയുള്ള ചർച്ചകളിൽ നമ്മൾ അത്ര സജീവമല്ലായിരുന്നല്ലോ.

മുത്തു വിവാഹിതനല്ല. പ്രായം മുപ്പത്തി ഒന്ന് വയസ്സ്. പ്രായത്തെ കൃത്യമായി തെളിയിക്കാനുള്ള രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. ഇതിന്റെ പ്രധാന കാരണം മുത്തു എട്ടാം ക്ലാസ്സിനുശേഷം സ്കൂളിൽ പോയില്ല എന്നതാണ്. പത്താം ക്ലാസ്സിൽ പോകാതെ എസ് എസ് എൽ സി ബുക്ക് കിട്ടില്ലല്ലോ. എസ് എസ് എല് സി ബുക്കിലെ വിവരങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതിനെ വിലക്കുന്ന നിയമങ്ങളുണ്ടോ ഇല്ലയോ എന്നതും നമ്മുടെ വിഷയമല്ല എന്ന് കരുതാം. മുത്തുവിനെ പെറ്റ ദിവസം മുത്തുവിന്റെ അമ്മയ്ക്കും ഓർമ്മയില്ല. അടുക്കളയുടെ പിന്നിൽ ചാരായം വാറ്റിക്കൊണ്ടിരുന്നപ്പോളാണ് പേറ്റുനോവ് വന്നതെന്ന് അവർക്ക് ഓർമ്മയുണ്ട്. പക്ഷേ പിന്നാമ്പുറത്തെ വാറ്റ് വെള്ളിയാഴ്ചകളിൽ ഒഴികെ ബാക്കി എല്ലാ ദിവസവും നടക്കുന്ന ഒരു കാര്യമായതിനാൽ മുത്തു ജനിച്ചത് വെള്ളിയാഴ്ച അല്ല എന്നതിൽക്കവിഞ്ഞുള്ള വിവരങ്ങൾ ലഭ്യമല്ല. പക്ഷേ അവിടത്തെ സ്ഥിരം കുടിയനും സ്വയം പ്രഖ്യാപിത നക്സലൈറ്റുമായ പത്രോസ് പറയുന്നത് പത്രോസിന്റെ മകൾ ജനിച്ചത് അതേ ദിവസമാണെന്നാണ്. പ്രസവമടുത്തതിനാൽ മുത്തുവിന്റെ അമ്മ പാറു വല്ലാത്ത ദേഷ്യത്തിലും സമ്മർദ്ദത്തിലും ആയിരുന്നു. പറ്റുകാശ് തന്ന് തീർക്കാതെ പത്രോസിനിനി ചാരായമില്ല എന്ന് പാറു തറപ്പിച്ച് പറഞ്ഞു. അങ്ങനെ ഒരു തോക്ക് വാങ്ങാനായി ഭാര്യ കുടിക്കാൻ കൊടുത്തിരുന്ന കാശിൽ നിന്ന് മിച്ചം പിടിച്ച് സമ്പാദിച്ചുകൊണ്ടിരുന്ന തുക എടുത്തുവരാൻ വീട്ടിലേക്ക് പോയ പത്രോസ് പൊട്ടിക്കിടന്ന കുടുക്ക കണ്ട് അലമുറയിടുമ്പോളാണ് അയൽക്കാരൻ വന്ന് ആ വിവരം അറിയിക്കുന്നത്. പത്രോസിന്റെ ഭാര്യക്ക് പ്രസവ വേദന തുടങ്ങി. വയറ്റാട്ടി കമലമ്മ നോക്കിയിട്ട് രക്ഷയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയതാണ്. ആശുപത്രി ചെലവിന് വേറെ പണമില്ലാതിരുന്നതിനാൽ പത്രോസിന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചത്രേ. 

തോക്കുവാങ്ങി വിപ്ലവം വരുമ്പോൾ ഒരു കമാൻഡർ എങ്കിലും ആകണം എന്ന ജീവിതാഭിലാഷം ഇനി സാധ്യമാണോ എന്ന ചിന്ത സമ്മാനിച്ച വേദനയിൽ ഒരു നിമിഷം നിന്നെങ്കിലും പത്രോസ് പെട്ടന്നു തന്നെ കർത്തവ്യനിരതനായി. അയൽക്കാരനിൽ നിന്നും ആശുപത്രിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ പത്രോസ് പെട്ടന്ന് തന്നെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ആക്രിക്കടക്കാരന്റെ കടയിൽ പോരുന്ന വഴി എടുത്തുകൊണ്ടുവന്ന പാത്രങ്ങൾ വിറ്റ് കിട്ടിയ കാശുമായി ഒട്ടും സമയം കളയാതെ പാറുവിന്റെ അടുത്തേക്ക് തിരിച്ചുവന്നു. അവിടെ ചെന്നപ്പോ പാറുവിന് പ്രസവവേദന. മുറിക്കകത്താണ്. കമലമ്മ അവിടെയെത്തിയിട്ടുണ്ട്. പത്രോസിന്റെ ശബ്ദം പുറത്ത് കേട്ടയുടെനെ കരച്ചിലുകൾക്കിടയിലും കൊണ്ടുവന്ന കാശ് ജനലിലൂടെ അകത്തേക്കിടാൻ പാറു വിളിച്ച് പറഞ്ഞു. അടുത്ത് തറയിൽ വീണ കാശ് ഒന്നോടിച്ച് നോക്കി മുഴുവനില്ലെന്ന് ബോധ്യമായ പാറു ചാരായമെവിടെ എന്ന പത്രോസിന്റെ അടുത്ത ചോദ്യത്തെ കനത്ത ഒരു തെറികൊണ്ടാണ് നേരിട്ടത്. ആ തെറിയുടെ അവസാന ഭാഗം യേശുദാസിന്റെ പാട്ട് പോലെ നീണ്ടുനിന്നതും അത് ശബ്ദം കുറഞ്ഞ് അവസാനിച്ചപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടതും പത്രോസിന് ഓർമ്മയുണ്ട്. അന്ന് പത്രോസിന് ചാരായം കിട്ടിയില്ല. മുത്തു ഒരു ചാരായം മുടക്കിയാണെന്നും അവനെ വീട്ടിൽ നിന്ന് ദൂരെ അയച്ചില്ലെങ്കിൽ പാറുവിന്റെ വാറ്റ് ബഹിഷ്കരിക്കുമെന്നുമുള്ള പ്രമേയം വീട്ടിലെ ആട്ടിൻ കുട്ടിയെ വിറ്റുകിട്ടിയ കാശിന് മൊത്തം പാറുവമ്മ വാറ്റ് ഡ്രിങ്കേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് വാറ്റ് വാങ്ങി കൊടുത്തിട്ടും പാസാക്കിയെടുക്കാൻ പത്രോസിന് കഴിഞ്ഞില്ല. ഇതും മുത്തുവിന് തന്റെ മകൾ സൂസിയുമായുള്ള അഗാധ പ്രണയവും മുത്തുവിനെ പത്രോസിന്റെ നിത്യ ശത്രു ആക്കിയിരുന്നു.

ഒരിടക്ക് ഇവരുടെ പ്രണയം പത്രോസ് അംഗീകരിച്ചതായിരുന്നു. ഒരു സന്ധ്യക്ക് കുടിക്കാൻ കാശില്ലാതെ വന്നതിനാൽ കടം ചോദിക്കാൻ ചെന്ന പത്രോസിനെ പാറു ആട്ടിയിറക്കിവിട്ടു. ഇതിൽ മനം നൊന്ത പത്രോസ് പാറുവിനെ ഒന്ന് അടിച്ചിരുത്താനുള്ള വഴികൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പരിപ്പുവട പൊതിഞ്ഞുകൊണ്ടുവന്ന കടലാസിലെ ഗാന്ധിയുടെ ചിത്രം കാണുന്നതും അഹിംസാ മാർഗ്ഗത്തെക്കുറിച്ച് പെട്ടന്ന് ബോധവാനാകുന്നതും. അതിനെ ഒരു ബോധോദയം എന്ന് വിളിക്കാൻ എനിക്ക് മനസ്സുവരുന്നില്ല. ബോധോദയങ്ങളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളോ മാനദണ്ഡങ്ങളോ തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത നിലക്ക് ഞാൻ അതെന്റെ മനോധർമ്മം പോലെ നിർവ്വചിക്കാൻ ആഗ്രഹിക്കുന്നു. പത്രോസിന് പെട്ടന്നൊരു ബുദ്ധി തോന്നി. തനിക്കൊരൊറ്റ മകളേ ഉള്ളു. കണ്ട കുടിയന്മാർക്കൊന്നും അവളെ കെട്ടിച്ചുകൊടുക്കാൻ വയ്യ. സ്നേഹമുള്ള ഒരു മരുമകനെ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ നടത്താനുമ്മാത്രം പെണ്മക്കൾ ഉണ്ടായിരുന്നെങ്കിൽ ഒരുത്തിയെ കുടിയന് കൊടുത്താലും കുഴപ്പമില്ലായിരുന്നു. പക്ഷേ എന്ത് പറയാൻ, ചാരായത്തിന് കയ്യിൽ അഞ്ച് പൈസ ഇല്ലാതിരുന്ന ദിവസമാണ് കുടുമ്പാസൂത്രണ പദ്ധതിയെക്കുറിച്ചുള്ള നോട്ടീസ് പത്രോസ് കാണുന്നത്. ഒരു ബക്കറ്റും ലോട്ടറി ടിക്കറ്റും പിന്നെ കാശും. പിന്നെ ഒന്നും ആലോചിച്ചില്ല, തോക്ക് വാങ്ങാൻ വച്ചിരുന്ന പണമെടുത്ത് പോയി പെറ്റുവന്ന ഭാര്യയോടുള്ള വാശി സഹിക്കാൻ വയ്യാതിരുന്ന പത്രോസ് അന്നുതന്നെ പോയി അതങ്ങ് നടത്തി. ബക്കറ്റ് വന്നവഴി വിറ്റ് കാശാക്കി. ലോട്ടറി അടിച്ച് സമ്പന്നനാകുന്ന നല്ലകാലവും സ്വപ്നം കണ്ട് പാറുവിന്റെ വാറ്റ് കേന്ദ്രത്തിലേക്ക് നടന്നു. പറ്റുതീർത്തു. അതുകൊണ്ടും ചാരിത്ര്യം മുറുകെപ്പിടിച്ചിരുന്നതുകൊണ്ടും പത്രോസിന്റെ ഭാര്യക്ക് ആദ്യ പ്രസവത്തിന് ശേഷം അമ്മാതിരി പ്രശ്നങ്ങളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. പത്രോസിന് തോന്നിയ ബുദ്ധി എന്തായിരുന്നെന്ന് വച്ചാൽ, കാര്യം ശത്രുവാണെങ്കിലും മുത്തു നല്ലവനാണ്. അഞ്ച് പൈസയുടെ വിവരമില്ല. സൂസിയെ വലിയ ഇഷ്ടവും ആണ്. സൂസിയെ മുത്തുവിന് കെട്ടിച്ച് കൊടുത്താൽ പിന്നെ മരുമോന്റെ അക്കൗണ്ടിൽ ജീവിതാവസാനം വരെ ഫ്രീ ആയി ചാരായം കിട്ടുമല്ലോ. മുത്തുവിന് പാറുവമ്മയുടെ അടുത്ത് അക്കൗണ്ടൊന്നുമില്ല. പക്ഷേ മോൻ ചോദിച്ചാൽ അമ്മയൊരു കുപ്പി കൊടുക്കാതിരിക്കുമോ.. പക്ഷേ പത്രോസിന്റെ ആ മോഹം നടന്നില്ല. കാരണം..

(തുടരും..‌)

Wednesday, March 20, 2013

എന്റെ യക്ഷി

“അച്ഛാ, ഈ പാലയിലും യക്ഷി ഉണ്ടാകുമോ?”

“ഹ ഹ ഹാ, യക്ഷിയൊന്നുമില്ലെടാ മണ്ടൻ ചെറുക്കാ, അത് അവരൊക്കെ ചുമ്മാ നിന്നെ പേടിപ്പിക്കാൻ പറയുന്നതല്ലേ. പിന്നെ യക്ഷിപ്പാല ഇതല്ല. സ്കൂളിന്റെ മുന്നിൽ നിൽക്കുന്ന പോലത്ത പാലയാ..”

“ആ എല്ലാ സൈഡിലേക്കും എലയുള്ളതോ?”

“ങാ, അത് തന്നെ. അത് പൂത്ത് കഴിഞ്ഞാൽ ഒരു വല്ലാത്ത മണമുണ്ടാകും.. എല്ലാർക്കും അത് പിടിക്കില്ല. ചിലർക്കൊക്കെ തലകറക്കവും ഛർദ്ദിയും ഒക്കെ വരും.. അതെല്ലാം കൊണ്ടാ അതിനെ യക്ഷിപ്പാല എന്ന് വിളിക്കുന്നത്. അല്ലാതെ രാത്രി വന്ന് ചോരകുടിക്കുന്ന പെണ്ണുങ്ങളൊന്നും ഇല്ലന്നേ.. അല്ലെങ്കിലും ചോര ആരെങ്കിലും കുടിക്കുമോ.. നീയന്ന് കൈ മുറിഞ്ഞപ്പോ ആ വിരല് വായിലിട്ടതല്ലേ, എന്നിട്ടെങ്ങനെയിരുന്നു?”

അത് ശരിയാകാൻ വഴിയുണ്ട്. ഈ ചോരക്ക് അല്ലെങ്കിലും ഒരു രുചിയും ഇല്ല. അത് കുടിക്കാൻ വെള്ളസാരിയും ഉടുത്ത് ഇറങ്ങി നടക്കാൻ ഇനി യക്ഷിക്കാണെങ്കിലും വട്ടുണ്ടോ.. അതുമല്ല രാത്രിയിൽ ഒറ്റക്കിറങ്ങി നടക്കുക എന്നൊക്കെ പറഞ്ഞാൽ.. പക്ഷേ യക്ഷി ഒരു വികാരമായി മനസ്സിൽ തറഞ്ഞു പോയി. യുക്തി ചിന്തകൾ കൊണ്ട് അതിനെ എന്നെന്നേക്കുമായി കൊല്ലാൻ മനസ്സിനാവുന്നില്ല. ഭക്ഷണത്തിന്റെ രുചിയിൽ എന്തായാലും ഒരു കഥയുമില്ല. എനിക്ക് പാവക്കാ കറി ഇഷ്ടമല്ല. പക്ഷേ അച്ഛനും അമ്മക്കും ഒക്കെ അത് ഭയങ്കര ഇഷ്ടമാണല്ലോ. പാവക്കക്ക് പിന്നെ മധുരം കാണുമോന്ന് അമ്മ എപ്പളും ചോദിക്കും. ചോരക്ക് ചോരയുടെ രുചിയല്ലേ കാണൂ. ഞാൻ തേളിനെയും പഴുതാരയെയും പാമ്പിനെയും ഒക്കെ കൊല്ലാറുണ്ടല്ലോ.. പിന്നെ യക്ഷിക്ക് ഒരു മനുഷ്യനെ കൊന്നാലെന്താ.. യക്ഷിക്ക് വിശന്നിട്ടായിരിക്കില്ലേ.. യക്ഷിയുടെ ഭക്ഷണം ചോരയാണെങ്കിൽ അതിന് ചോര തന്നെ വേണ്ടേ.. ആഹാര ശൃംഖലയെക്കുറിച്ച് പഠിപ്പിച്ചപ്പോ മാഷ് പറഞ്ഞതാണല്ലോ എല്ലാ ജീവികൾക്കും ഓരോ ആഹാര രീതികളുണ്ടെന്ന്. മാനിനെ കൊന്ന് തിന്നുന്നതിന്റെ പേരിൽ സിംഹത്തെ ആരെങ്കിലും കുറ്റം പറയുന്നുണ്ടോ.. ചെലപ്പോ ബാക്കി മാനുകൾ പറയുന്നുണ്ടാവും.. എന്നാലും സിംഹത്തിന് വിശന്നിട്ടല്ലേ. വിശക്കുമ്പോ ഭക്ഷണം കഴിച്ചില്ലെങ്കിൽ ആകെ പ്രശ്നമാകും. സ്കൂളിൽ അന്ന് സുനിത തലകറങ്ങി വീണപ്പോ ടീച്ചറ് പറഞ്ഞതല്ലേ അവള് ചോറ് തിന്നാതെ വന്നതാണെന്ന്. പക്ഷേ യക്ഷിക്ക് ജീവനില്ലത്രേ.. അതെന്തായാലും ശരിയാകാൻ വഴിയില്ല. ജീവനില്ലെങ്കിൽ പിന്നെയെന്തിനാ ഭക്ഷണം കഴിക്കുന്നേ. പക്ഷേ യക്ഷി എന്റെ ചോരയും കുടിക്കില്ലേ.. കുറച്ച് കുടിച്ചാ മതീന്ന് പറയാം.. അന്ന് കൈ മുറിഞ്ഞപ്പോ പോയ അത്രേം ചോര.. നല്ലോണം വെള്ളം കുടിച്ചാ മതി, ചോര രണ്ട് ദിവസം കൊണ്ട് ഉണ്ടായിക്കല്ലും എന്നല്ലേ അന്ന് ചെറിയമ്മ പറഞ്ഞത്. യക്ഷി രണ്ട് ദിവസം കൂടുമ്പോ കുടിച്ചോട്ടെ.. അതിനിടയിലെ ദിവസം ഏച്ചീടെ ചോര കുടിച്ചോളാൻ പറയാം. അല്ലെങ്കിലും അവളെന്നെ എപ്പളും കളിയാക്കും. ഞാൻ പെറുക്കി വന്ന നോട്ടീസും മഞ്ചാടീം ഒക്കെ അവളെടുത്ത് വച്ചു. വഴക്ക് കൂടിയപ്പോ അമ്മയും അവളുടെ കൂടെക്കൂടി. നിനക്കിനീം പെറുക്കാമല്ലോന്നാ അന്ന് പറഞ്ഞത്. ചോന്ന നെറമുള്ള വളസെറ്റിന്റെ ഒരു കഷ്ണം ചോദിച്ചിട്ട് അവള് തന്നുമില്ല. ഇച്ചിരെ ചോര പോയാൽ ചാകൂല്ലെങ്കി പിന്നെ കുഴപ്പമില്ലല്ലോ..

ചോരയും കൊടുത്ത് യക്ഷിയെ കൂടെ നിർത്തിയിട്ട് എന്ത് കാര്യം. ഓ, എന്റെ കൂടെ നടക്കാൻ കൊണ്ടോകാം. ഒറ്റത്തടിപ്പാലം കടക്കുമ്പോ പേടിക്കാതെ യക്ഷി കൈ പിടിച്ചോളും. രാത്രി മുള്ളാനിറങ്ങാൻ അമ്മയെ വിളിക്കണ്ടല്ലോ. വിളക്കും കത്തിക്കണ്ട, യക്ഷിയുടെ മേലൊക്കെ ഒരു നീല വെളിച്ചത്തിൽ തിളങ്ങുമല്ലോ. ഒറ്റക്ക് മുള്ളാമ്പോകാൻ പേടിയാണെന്ന് പറഞ്ഞ് ഏച്ചി കളിയാക്കുന്നതും നിക്കും. പാമ്പിനേം പേടിക്കണ്ട. യക്ഷീടെ കാല് നെലത്ത് തൊടൂല്ലാന്ന്. അപ്പോ നല്ല പൊക്കം കാണും. കൊട്ടപ്പഴം പറിക്കാൻ ഏട്ടനെ കൂട്ടുവേം വേണ്ട. ഞാൻ കണ്ടതാണേലും പറിക്കുമ്പോ എനിക്ക് നല്ല പഴം അവൻ തരില്ല. യക്ഷിയുണ്ടെങ്കിൽ പിന്നെ ഞാൻ മാത്രം മതിയല്ലോ.

ചെറുപ്രായത്തിൽ യക്ഷിയെക്കൊണ്ടുള്ള ഉപയോഗങ്ങൾ നിഷ്കളങ്കമായിരുന്നു. മുട്ടോളമെത്തുന്ന പാവാടയിട്ട സഹപാഠികളുടെ കാലുകൾ അന്നൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഇപ്പോൾ എല്ലാരും നീളമുള്ള പാവാടയിടും. എന്നാലും ഇടക്കിടെ അതൊക്കെ കുറച്ച് പൊക്കിപ്പിടിച്ച് നടക്കും. അവരുടെയൊക്കെ കാല് നിലത്ത് തൊടുന്നുണ്ടോ എന്നല്ല ഇപ്പോ നോക്കാറ്. അവരുടെ നോട്ടവും മാറിയപോലെ. ഇപ്പോ കണ്ണിക്കണ്ണി നോക്കി കളിയൊന്നുമില്ല. ഇനി നോക്കി നിന്നാലും താഴേക്ക് നോക്കി ചീ, ചെറുക്കന് നാണമില്ല എന്ന് പറയും. പുസ്തകം കൊണ്ട് നെഞ്ചൊക്കെ പൊത്തിപ്പിടിക്കും. അവരുടെ നെഞ്ചൊക്കെ വലുതായിത്തുടങ്ങി. പണ്ട് അമ്മയോട് ചോദിക്കുമായിരുന്നു എനിക്കും അമ്മയെപ്പോലെ വലുതാകുമ്പോ അമ്മിഞ്ഞി വളരുമോന്ന്. അപ്പോ അമ്മ പറയും നീയും ചേട്ടനുമൊക്കെ അച്ഛനെപ്പോലെ ഇരിക്കും, അമ്മിഞ്ഞി പെണ്ണുങ്ങൾക്ക് മാത്രമേ ഉണ്ടാകൂന്ന്. അന്നത് വലിയ സങ്കടമായിരുന്നു. എനിക്കും അമ്മിഞ്ഞി ഉണ്ടായിരുന്നെങ്കിൽ ചേച്ചിക്ക് വാങ്ങിക്കൊടുത്ത പോലത്തെ ബ്രാ എനിക്കും വാങ്ങി തരുമായിരുന്നു. അതുപോലെ ഒരു വസ്ത്രം മുമ്പ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. കാണാൻ നല്ല രസം. കാണുമ്പോ എന്തിനോ ചിരിയും വരും. നല്ല വെളുത്ത നിറത്തിൽ നടുവിൽ ഒരു കുഞ്ഞിപ്പൂവൊക്കെ വച്ച്.. ഒന്നെടുത്ത് നോക്കാൻ ചെന്നപ്പോ എന്നെ ഓടിച്ച് കളഞ്ഞിട്ട് അവരെല്ലാരും കൂടെ ഇരുന്നു ചിരിച്ചു. അതോർക്കുമ്പോ ഇപ്പോ എനിക്കും ചിരിവരും. ഹോ, അന്ന് അമ്മിഞ്ഞി എങ്ങാനും വളർന്നിരുന്നെങ്കിൽ എന്തായേനേ. തടിയൻ മണിയെ എല്ലാരും കളിയാക്കും. പൊറകിലെ ബെഞ്ചിലൊള്ള സുരേഷും രാജനും ഒക്കെ ഇടക്കിടക്ക് അവന്റെ അമ്മിഞ്ഞി പിടിച്ച് ഞെക്കും. പെണ്ണില്ലേലും നമ്മക്ക് ഇവനെ വച്ച് ഒപ്പിക്കാടാന്ന് അവര് പറഞ്ഞ് ചിരിക്കും. എനിക്കവന്റെ കാല് കാണുമ്പോ ഒന്നും തോന്നില്ല. പെൺകുട്ടികളുടെ കാലിന് മാത്രമേ കാണാൻ ആ രസമുള്ളു. പക്ഷേ അവരുടെ കാല് മാത്രമേ രസമുള്ളു. രാജൻ അന്ന് കാണിച്ച് തന്ന പടത്തിലേത് ഒരു വെല്യ പെണ്ണുങ്ങളായിരുന്നു. അവരുടെ അമ്മിഞ്ഞി ഉരുണ്ട് നല്ല രസമായിട്ടിരുന്നു. “ഹോ, ഇതൊക്കെ ഒന്ന് പിടിച്ച് ഞെക്കാൻ കിട്ടിയിരുന്നെങ്കിൽ, എന്റെ മോനേ..” എന്നും പറഞ്ഞ് അവനെന്റെ തുട പിടിച്ച് ഞെരിച്ചു. എനിക്ക് വേദനയെടുത്തിട്ട് ദേഷ്യവും കൂടെ വന്നു. അവനോട് പിണങ്ങിയാ അവൻ പിന്നെ പടം കാണിച്ച് തരില്ല. പടം കാണുമ്പോ എന്തൊക്കെയോ തോന്നും. എന്താണെന്നൊന്നും അറിയില്ല. എന്തോ ഒരു വീർപ്പുമുട്ടൽ പോലെ. മേലൊക്കെ കുളിര് കോരുന്ന പോലെ. എന്നാലും ഈ അമ്മിഞ്ഞി പിടിച്ച് ഞെക്കുന്നതെന്തിനാണാവോ.. ഓർത്തപ്പോ ചിരി വന്നു. ഗ്രൗണ്ടിൽ പന്തും പിടിച്ച് നിക്കുമ്പോ മനസ്സിൽ അത് തന്നെ ആയിരുന്നു. കാണാൻ രണ്ടും ഒരു പോലെയുണ്ട്. ചെറുതായി അമർത്തി നോക്കി. അമരുന്നില്ല. അതും പന്ത് പോലെ തന്നെ കട്ടിയാണെങ്കിൽ എങ്ങനെ ഞെക്കും.. ഇനി അത്ര ശക്തിയിൽ ഞെക്കണമായിരിക്കുമോ. ചുമ്മാതല്ല അവനെന്റെ തുട ഞെക്കി വേദനിപ്പിച്ചത്. ഹോ, ഇത്ര മെനക്കെട്ട പണിക്കൊന്നും എന്തായാലും ഞാനില്ല.

കൂടുതൽ ചിത്രങ്ങൾ കണ്ടു. കൂടുതൽ ശരീര ഭാഗങ്ങൾ കണ്ടു. ഇപ്പോൾ ആ തോന്നലുകളൊക്കെ ശക്തമായത് പോലെ. എല്ലാ പെണ്ണുങ്ങളും ഇങ്ങനെതന്നെ ആയിരിക്കുമോ.. എന്തായാലും എല്ലാവരെയും തുണിയില്ലാതെ കാണാൻ ഒന്നും പറ്റില്ല. അവരൊക്കെ പറഞ്ഞു മുല പന്ത് പോലെ കട്ടിയൊന്നും അല്ലന്ന്. എന്നാലും അതിൽ അമർത്തിയിട്ട് എന്ത് കിട്ടാനാണെന്ന് എനിക്കറിയില്ല. ഒരിക്കൽ ചോദിച്ചപ്പോ അവരെന്നെ കളിയാക്കി. നീ വലുതായിട്ടില്ല എന്നും പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു. പിന്നെ പടവും കാണിച്ച് തന്നില്ല. മീൻ‌ വിക്കുന്ന പാറുവേച്ചീനേ തൊട്ടേന് രാഘവേട്ടനെ ആരെല്ലോ തല്ലീന്ന് പറയുന്ന കേട്ടു. ഈ പെണ്ണുങ്ങളെ തൊട്ടാൽ എന്തിനാണാവോ തല്ല് കിട്ടുന്നേ. എന്തായാലും എനിക്ക് തല്ല് വേണ്ട. എന്നാലും പെണ്ണുങ്ങളൊക്കെ ആ പടത്തിലെ പോലെ ആണോന്ന് അറിയണം.. മുലയിൽ ഞെക്കുന്നതെന്തിനാണെന്നറിയണം. അവരൊക്കെ എന്തോ ചെയ്യുമെന്ന് സുരേഷ് പറഞ്ഞിരുന്നു. എന്താണെന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞ് തന്നുമില്ല. പടങ്ങളൊക്കെ ഓർമ്മ വരുമ്പോ പിന്നെയും എന്തൊക്കെയോ തോന്നും. ചോദിക്കാനും ഇപ്പോ ആരുമില്ല. പക്ഷേ മനസ്സ് പെട്ടന്ന് തന്നെ പരിഹാരവും കണ്ടെത്തും.. യക്ഷി..

യക്ഷിയെ വേണം.. അതെന്റെ മനസ്സിന്റെ ഒരു ഭാഗമായി കഴിഞ്ഞു. അത് എന്റെ സമനിലയുടെ ആധാരമാണ്. എന്റെ അവസാന പ്രതീക്ഷയും. യക്ഷി വന്നാൽ എല്ലാം ചോദിക്കാം.. എല്ലാം കാണാം. അവരിനി പഠം കാണിച്ച് തരില്ലെങ്കിലും വേണ്ട. ചോര കുടിക്കാൻ സമ്മതിച്ചാൽ യക്ഷി ചിലപ്പോ ഞെക്കി നോക്കാനും സമ്മതിച്ചേക്കും. യക്ഷിയെ തൊട്ടാൽ ആരും തല്ലില്ല. എല്ലാർക്കും യക്ഷിയെ പേടിയല്ലേ. ആരും വിശ്വസിക്കാതിരിക്കാനും മതി. കിടക്കുന്നതിന് മുമ്പ് ചീത്ത സ്വപ്നങ്ങൾ കാണാതിരിക്കാൻ പ്രാർഥിക്കണം എന്ന് അമ്മ പറഞ്ഞിരുന്നു. എന്താണോ ചീത്ത സ്വപ്നങ്ങൾ.. എനിക്ക് പേടിയാകുന്ന സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എല്ലാവരും സ്വപ്നങ്ങൾ കണ്ട് പേടിക്കുന്നവയൊക്കെ ഞാൻ കാണാനും എന്റെ മുറിയിൽ ഒളിപ്പിച്ചുവയ്ക്കാനും ആഗ്രഹിച്ചവയായിരുന്നല്ലോ.. പിന്നെ ഒരിക്കൽ മാഷ് തല്ലുന്നത് സ്വപ്നം കണ്ട് പേടിച്ചിട്ടുണ്ട്. സുരേഷൊക്കെ പടം കാണിച്ച് തരുന്ന കാര്യം പറയുമ്പോ പ്രിൻസ് പറയുമായിരുന്നു അതൊക്കെ ചീത്തയാണ്, അതിലൊന്നും നോക്കരുതെന്ന്. നരകത്തിൽ പോകും പോലും. ഇനി ചീത്ത സ്വപ്നം എന്ന് അമ്മ പറഞ്ഞത് ആ പടത്തിലേത് പോലുള്ളവ ആണോ.. എന്നാൽ ഞാനിനി പ്രാർഥിക്കുന്നില്ല. എനിക്ക് ഇനിയും കാണണം.. അല്ലെങ്കിൽ പ്രാർഥിക്കാം.. നരകത്തിലിടുന്ന ദൈവത്തോടല്ല, യക്ഷിയോട്..

സുന്ദരിയായ, നീല പ്രകാശം പരത്തുന്ന, പടങ്ങളിൽ കണ്ടവരുടെ ആരുടെയും മുഖമല്ലാത്ത, പടത്തിൽ കണ്ടതൊക്കെയുള്ള എന്റെ യക്ഷിയോട് ഞാൻ എന്നും പ്രാർഥിച്ചു. ഉറങ്ങുമ്പോൾ വന്ന് എന്നെ ഉണർത്താൻ. രാത്രിമുഴുവൻ എന്റെയടുത്തിരുന്ന് സംസാരിക്കാൻ.. എന്റെ കൈകളെടുത്ത് മാറിൽ വച്ച് ഞെക്കി നോക്കിക്കാൻ.. എന്റെ തോന്നലുകളും വീർപ്പുമുട്ടുകളും എനിക്ക് വിശദീകരിച്ച് തരാൻ.. എന്റെ സംശയങ്ങൾ തീർത്ത് തരാൻ.. ഒടുവിൽ സ്വപ്നങ്ങലിൽ യക്ഷി വന്നുതുടങ്ങി.. ദൂരെ മാറിനിന്ന് ഞാൻ യക്ഷിയെ കാണാൻ തുടങ്ങി. ഒറ്റത്തടിപ്പാലത്തിന് താഴേക്ക്, തോട്ടുവക്കിലെ ഈറ്റക്കൂട്ടങ്ങൾ മറച്ച വെള്ളക്കുഴിയുടെ താഴെയുള്ള കല്ല്ലിൽ കാലുകൾ വെള്ളത്തിലിറക്കിവച്ച് ദൂരേക്ക് നോക്കിയിരിക്കുന്ന യക്ഷി.. നനഞ്ഞൊട്ടിയ സാരിയുടെ ഇടയിലൂടെ നേർത്ത നീല വെളിച്ചം. മുഖം ഒരിക്കലും കാണാൻ സാധിച്ചില്ല. അടുത്ത് പോയി നോക്കാൻ ഒരിക്കലും കഴിഞ്ഞില്ല. നടന്നെത്തുമ്പോളേക്കും ഈറ്റത്തണ്ടുകൾ ചുറ്റും വളർന്ന് എന്നെ തടവിലാക്കുന്നു. തണ്ടിലുരഞ്ഞ് കയ്യിൽ ചൊറിച്ചിലുണ്ടാകുന്നത് വരെ ഞാനവയ്ക്കിടയിലൂടെ യക്ഷിക്കടുത്തേക്കെത്താൻ ശ്രമിച്ചു. ദിവസങ്ങൾ എത്ര കഴിഞ്ഞുപോയെന്നറിയില്ല. ഒടുവിൽ ഭ്രാന്തമായ ആവേശത്തോടെ ഞാൻ യക്ഷിക്കരികിലേക്ക് ഓടി. ഈറ്റത്തണ്ടുകൾക്ക് എന്നെ തടവിലാക്കാൻ കഴിയുന്നതിന് മുൻപേ പാതിവളർന്ന അവയുടെ മുകളിലൂടെ ചാടിക്കടന്ന് ഞാൻ യക്ഷിയുടെ തൊട്ടുപിന്നിൽ ചെന്ന് നിന്ന് കിതച്ചു. യക്ഷി പതുക്കെ എന്റെ കൈ പിടിച്ച് പാറയിൽ കയറ്റി, യക്ഷിയുടെ തൊട്ടടുത്ത്.. ആ കൈകൾ എല്ലാവരും പറഞ്ഞതുപോലെ തണുത്തുമരച്ചവയായിരുന്നില്ല. ആ കണ്ണുകളിൽ ചോരച്ചുവപ്പും ഉണ്ടായിരുന്നില്ല. ആ മുഖം എവിടെയോ കണ്ട ഓർമ്മ.. യക്ഷി നഗ്നയായിരുന്നു. ആ ശരീരം വളരെ പരിചിതമായി തോന്നി. ആ പുഞ്ചിരി ആദ്യം കാണുകയാണെങ്കിലും ചുണ്ടുകൾ പരിചിതമായിരുന്നു. യക്ഷിക്ക് ചോര വേണമായിരിക്കും.. ഞാൻ എന്റെ കഴുത്ത് നീട്ടിക്കൊടുത്തു. കഴുത്തിൽ തന്നെ ആയിരിക്കും യക്ഷി കടിക്കുക. കുറച്ചേ കുടിക്കാവൂ എന്ന് പറയണോ.. അല്ലെങ്കിൽ വേണ്ട.. പക്ഷേ യക്ഷിയുടെ പല്ലുകൾക്ക് പകരം എന്റെ കഴുത്തിൽ സ്പർശിച്ചത് യക്ഷിയുടെ ചുണ്ടുകളായിരുന്നു.. നനവുള്ള ചുണ്ടുകൾ. അപാര ബലമുണ്ടായിരുന്നു എന്നെ ചുറ്റിവരിഞ്ഞ കൈകൾക്ക്. ശരീരത്തിൽ എവിടെയൊക്കെയോ സൂചികൾ കുത്തിയിറങ്ങുന്ന പോലെ.. അല്ല, അത് വേദനയല്ല. ചൂടോ തണുപ്പോ അല്ല. അതെന്താണെന്ന് യക്ഷിയോട് ചോദിച്ചാലോ.. യക്ഷി ഒന്നും സംസാരിച്ചില്ല.. എന്റെ നാവ് വായിൽ ഇല്ലാത്തതുപോലെ.. നെഞ്ചിലൂടെ ഒരു മരവിപ്പ് ശരീരമാകെ അരിച്ച് കയറുന്നത് പോലെ. എന്റെ കൈകൾ എന്തോ അന്വേഷിച്ചെന്ന പോലെ അലയുകയായിരുന്നു. ഒടുവിൽ അവ അന്വേഷിച്ചത് കണ്ടെത്തി. അവയ്ക്ക് മാർദ്ദവമാണോ തണുപ്പാണൊ ചൂടാണോ.. എന്റെ പേശികൾ മരവിക്കുന്നത് പോലെ.. വിരലുകൾ അനക്കാനാവുന്നില്ല. പക്ഷേ ഈ മരവിപ്പ് എന്നെ അല്പം പോലും ഭയപ്പെടുത്തുന്നില്ല. വായിച്ച താളുകളും കണ്ട ചിത്രങ്ങളും ഒന്നിനുപുറകേ ഒന്നായി കണ്മുന്നിൽ കാണുന്നത് പോലെ. ഒരു സിനിമയിലെന്ന പോലെ.. എത്ര സമയം കടന്നുപോയെന്നറിയില്ല.

പതിവിലും താമസിച്ചാണ് എഴുന്നേറ്റത്. കാരണമറിയാത്ത ഒരു സന്തോഷവും ഉന്മേഷവും തോന്നി. ഒരു പാട്ട് പാടാൻ, ഉറക്കെ ചിരിക്കാൻ.. വസ്ത്രം മാറിയിട്ട് തോർത്തുമെടുത്തുടുത്ത് കുളിമുറിയിലേക്ക് കയറി. പിന്നീട് പ്രാതലിനായി അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ അച്ഛനോട് പറയുന്നത് കേട്ടു.. “ചെറുക്കൻ വളർന്നു പോയി..”. ഭക്ഷണസമയത്ത് ഒരു സംഭാഷണം ആരംഭിക്കാൻ എല്ലാവരും മടിക്കുന്നത് പോലെ. തിരികെ മുറിയിലെത്തിയപ്പോൾ തലേന്നിട്ട് വസ്ത്രങ്ങളും ബെഡ്ഷീറ്റും ഒന്നും കണ്ടില്ല. അമ്മ അലക്കാൻ ഇട്ടു കാണും. എന്നാലും ഞാൻ വളർന്ന് പോയി എന്ന് തോന്നാൻ എന്താണോ കാരണം. കണ്ണാടിയിൽ നോക്കിയിട്ട് മാറ്റമൊന്നും കാണുന്നില്ല. ഒരു രാത്രികൊണ്ട് ഞാൻ വളർന്ന് പോകുമോ! ആരെങ്കിലും ഒന്ന് പറഞ്ഞുതന്നിരുന്നെങ്കിൽ.. അല്ലെങ്കിൽ ഇന്ന് രാത്രി യക്ഷിയോട് ചോദിക്കാം. ഇന്നലത്തെ പോലെ ഒന്നും പറയാതിരുന്നാൽ യക്ഷി പിന്നെ വന്നില്ലെങ്കിലോ.. പക്ഷേ എന്തോ, യക്ഷി പിന്നെ ഒരിക്കലും വന്നില്ല..